മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Sathish Thottassery)

പടിപ്പെര വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ കാറ്ററാക്ട് ഓപ്പറേഷൻ കഴിഞ്ഞു കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് വീട്ടിലെത്തി. ആരും കാണാതെ കണ്ണാടിയിൽ നോക്കി. ഇന്ദിരാഗാന്ധിയെപ്പോലുണ്ടെന്നു ആദ്മഗതം കാച്ചി. സന്ദർശകനായി വന്ന അയൽവക്കത്തെ കിങ്ങിണിക്കുട്ടൻ പറഞ്ഞത് അയിലൂർ വേലക്ക്‌ പോയി വരുന്ന അരിയക്കോട്ടുകാരി. 

അഞ്ചുവയസ്സുള്ള അംബുജം നാലണയുടെ കൂളിംഗ് ഗ്ലാസ്സ് വെച്ചപോലെയുണ്ടെന്നാണ്. എന്തായാലും ഒരഴ്ചക്കാലം രാവും പകലും അവനെ ഫിറ്റ് ചെയ്തു നടക്കുമ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുമ്പോഴുള്ള തലയെടുപ്പുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖദാവിൽ  ലൈക്കടിച്ചു. 

ഓപ്പെറേഷാനന്തരം ഒരാഴ്ച റെസ്റ്റും കഴിഞ്ഞു കണ്ണടതിടമ്പിറക്കി. കണ്ണിനു ഒരു നൂറു വാട്ട് എൽ. ഇ. ഡി ബൾബിന്റെ എക്സ്ട്രാ പളിച്ചമുണ്ടെന്നു സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും സീലും വെച്ചു. പിറ്റേദിവസം കോലായ അടിച്ചു വാരി  കൊണ്ടിരിക്കെ ഒരു കൂറ കുട്ടി,  ഞങ്ങളുടെ പാലക്കാടൻ ഭാഷയിൽ കരപ്പു കുട്ടി കണ്ണിൽ പെട്ടു. "അമ്പട ഇത്രയും നാൾ നീ എന്നെ പറ്റിച്ചു നടക്കുകയായിരുന്നു അല്ലെ" എന്ന് ചോദിച്ചു ചൂല് കൊണ്ട് രണ്ടു ഗിമ്മു ഗിമ്മി. കരപ്പ് രണ്ടുമൂന്നു റൌണ്ട് സ്പീഡിൽ കറങ്ങി നിന്നു. വധം സ്ഥിരീകരിക്കുവാൻ "പ്പൊ കിട്ടും നെഞ്ഞത്തു കൂടം" ന്നു പറഞ്ഞു വീണ്ടും രണ്ടു പൂശു പൂശി. "കന്യാദാനം" സീരിയൽ കാണുമ്പോൾ അവന്റെ ചെപ്പക്കു കൊടുക്ക്, അവൾടെ മുട്ടുംകാല് തല്ലി ഒടിക്ക്" എന്നൊക്കെ പറയുമ്പോലെ കരപ്പിനോട് ധാർമികരോഷം പ്രകടിപ്പിക്കുന്നു ണ്ടായിരുന്നു. 

നേരത്തെ ഇത്തരത്തിലുള്ള വെളിച്ചപ്പാട് ഉണ്ടായിട്ടുള്ളത് വളരെ വേണ്ടപ്പെട്ട ഒരു പെൺകിടാവിന്റെ കല്യാണപ്പാർട്ടി ക്കു ന്യൂ ജെൻ പിള്ളേർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ കണ്ടപ്പോഴും കിങ്ങിണിക്കുട്ടന്റെ തള്ള ബർത്ഡേ പാർട്ടിക്ക് കള്ളുകുടിയൻ ഉണ്ണിച്ചെക്കന്റെ കൈ പിടിച്ചു കോളിവുഡ് ദബ്ബാക്കുത്തിനു തുള്ളിയപ്പോഴുമാണ്. കരപ്പുവധം കഴിഞ്ഞു മുടിയഴിച്ചിട്ടു വാളേന്തിയ ഝാൻസി റാണിയെപോലെ ചൂലും പോക്കിപ്പിടിച്ചു കൊണ്ട്, കുളി കഴിഞ്ഞു ചീകി മുടിച്ചു ചിങ്കാരിച്ചു കൊണ്ടിരുന്ന മരുമകളെ കൊലപാതക വിവരം ഉണർത്തിച്ചു. മഹസ്സർ തയാറാക്കാൻ ചെന്ന പി.സി. 734 സംഭവസ്ഥലത്തു കണ്ടത്  കുഞ്ഞനിയൻ   പറയാറുള്ള "സർപ്പോട്ട"യുടെ കറുത്ത കുരുവാണത്രെ.  

കഥ കേട്ട ശേഷം ഗെഡി ഡ്രൈവർ ശശി 
"കഥയും കഥാപാത്രങ്ങളും  സങ്കല്പികമാണെന്നും ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകിൽ അത് തികച്ചും  യാദൃശ്ചികമാണെന്നും" കൂട്ടിച്ചേർക്കാൻ പറഞ്ഞു. ചേർത്തിരിക്കുന്നു. 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter