• MR Points: 0

 devayami

Freggy Shaji

ഭാഗം 10

Read Full

രാത്രിയോടെ വീട്ടിൽ തിരികെ എത്തി ദേവൻ. ഗോപുവിനെ അവന്റെ വീട്ടിൽ ഇറക്കിയതിനുശേഷമാണ് ദേവൻ തിരികെ മുല്ലശ്ശേരിയിൽ എത്തിയത്. ദേവനെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഫോൺ വിളിച്ച് അച്ചാച്ചനോട് കാര്യം പറഞ്ഞിരുന്നു എങ്കിലും വിശദമായി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും.

"ഹോസ്പിറ്റലിൽ വളരെ നല്ല അഭിപ്രായമാണ്. ഡോക്ടർക്ക്. പിന്നെ വീടും വരുന്ന വഴി കണ്ടു. റോഡിൽ നിന്നാണ് കണ്ടത്. ഫോട്ടോ എടുത്തിട്ടുണ്ട്. വീടും ചുറ്റുപാടും ഒന്നും കുഴപ്പമില്ല. അന്വേഷിച്ചെടുത്തോളം നല്ല സ്വഭാവവും ആണ്. ഉറപ്പിക്കുന്നതിൽ തെറ്റില്ല."

ഫോണിൽ നിന്ന് ഡോക്ടറുടെ വീട് കാണിച്ചുകൊടുത്തു ദേവൻ.

"അത് അമ്മായിക്ക് അയച്ചു കൊടുക്ക്. വരദ മോൾക്ക് അല്ലേ ഇഷ്ടപ്പെടേണ്ടത്?"

അമ്മ പറഞ്ഞപ്പോൾ ദേവൻ പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോ അമ്മായിക്ക് സെൻറ് ചെയ്തു കൊടുത്തു.

"എന്തായാലും അവളെ വിളിച്ചു കാര്യം പറയാം. ഈ ബന്ധമാകും വരദമോൾക്ക് ഈശ്വരൻ കരുതി വെച്ചിരിക്കുന്നത്. എന്നാലും ആദ്യം എന്റെ മോന്റെ വിവാഹം നടക്കണമെന്നായിരുന്നു എനിക്ക്.. ഈ മുറ്റത്ത് ഒരുക്കിയ പന്തലിൽ!!"

അച്ഛമ്മ തൻ്റെ നേർക്ക് നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ, ഇനിയും അവിടെ ഇരിക്കുന്നത് ബുദ്ധിയില്ലെന്ന് തോന്നി അവന്.

"ശരി ഞാൻ പോകട്ടെ നല്ല ക്ഷീണം.."

ദേവൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"കാണും കാണും.. അച്ഛമ്മ കല്യാണക്കാര്യം ആണല്ലോ പറയുന്നത്?"

ചിറ്റയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു ദേവുട്ടി തല അല്പം പൊക്കിക്കൊണ്ട് പറഞ്ഞു.

" നന്ദ വേണ്ട...!!"

അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട്, ദേവൻ പടികൾ കയറി മുകളിലേക്ക് പോകാൻ ഒരുങ്ങി.

"നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?"

പുറകെ എത്തി അമ്മയുടെ ചോദ്യം.

"വേണ്ട!! വൈകിയപ്പോൾ ഞാനും ഗോപുവും കഴിച്ചു.."

കള്ളം പറഞ്ഞു കൊണ്ട് ദേവൻ മുകളിലെ തൻ്റെ മുറിയിലേക്ക് പോയി.

"നീ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കണ്ട കേട്ടോ.."

അമ്മ ദേവുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

"ദേഷ്യം വന്നു എന്ന് എനിക്ക് ആ വിളിയിൽ നിന്നും മനസ്സിലായി. അല്ലെങ്കിൽ നന്ദ എന്ന് വിളിക്കില്ല ദേവേട്ടൻ. ഈ ദേവേട്ടന്റെ കല്യാണം എന്നാ ഈശ്വരാ എനിക്കൊന്നു കൂടാൻ പറ്റുക? കല്യാണക്കാര്യം പറഞ്ഞാൽ അപ്പോൾ ദേഷ്യപ്പെടും!! ഇനി ഇങ്ങേരുടെ മനസ്സിൽ ഏതെങ്കിലും ഭൂലോക രംഭ സ്ഥാനം പിടിച്ചിട്ടുണ്ടോ എന്തോ?"

ദേവൂട്ടി എവിടെയോ നോക്കിക്കൊണ്ട് എഴുന്നേറ്റിരുന്നു ചിന്തയോടെ പറഞ്ഞു.

"പിന്നെ  എൻ്റെ മോൻ്റെ മനസ്സിൽ അങ്ങനെയുള്ള ചിന്തകൾ ഒന്നും ഉണ്ടാവില്ല. എൻ്റെ മോളുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ, പെട്ടെന്ന് അങ്ങ് മാറ്റി വെച്ചേക്ക്.. പഠിക്കാനൊന്നുമില്ല അവൾക്ക്.. എന്നാൽ നേരത്തും കാലത്തും കോളേജിലേക്ക് പോകുമോ അതുമില്ല!! പോയി കിടന്നു ഉറങ്ങാൻ നോക്കടി."

അമ്മയുടെ ദേഷ്യം കണ്ടപ്പോൾ, അറിയാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുപോയി ദേവൂട്ടി.

സെറ്റിയിൽ ഇരുന്ന് സംസാരിക്കുകയാണ് അച്ഛനും പാപ്പന്മാരും അച്ചാച്ചനും.

"അച്ഛാ, ഞാൻ ഒരു സംശയം ചോദിച്ചോട്ടെ?"

അച്ഛനും പാപ്പനും അടുത്താണ് ഇരിക്കുന്നത് അവർക്കിടയിൽ സ്ഥലം ഇല്ലെങ്കിലും, ഞെരങ്ങി അവരെ തിക്കി കൊണ്ട് നടുക്കിരുന്നു ദേവൂട്ടി അച്ഛനെ നോക്കി ചോദിച്ചു.

"അച്ഛാ ഈ അമ്മയെ അല്ലാതെ വേറെ ഒരാളെയും പെണ്ണ് കാണാൻ പോയിട്ട് കിട്ടിയില്ലേ? ഇത്രയ്ക്ക് ദേഷ്യം ഉള്ള ഒരു സ്ത്രീയെ അച്ഛൻ അല്ലാതെ കല്യാണം കഴിക്കുമോ?"

അവളുടെ സീരിയസോടെയുള്ള ചോദ്യം കേട്ട് ഹാളിൽ ഇരുന്നവരെല്ലാം ഉറക്കെ ചിരിച്ചു.

"എടി...നിന്ന് ഞാൻ.."

പറഞ്ഞുകൊണ്ട് അമ്മ അവൾക്ക് നേരെ കയ്യോങ്ങി കൊണ്ടുവന്നപ്പോൾ ദേവൂട്ടി വേഗം അച്ഛമ്മയുടെ റൂമിലേക്ക് ഓടി വാതിൽ അടച്ചു.

"എന്തിനാ ഏട്ടത്തി അവളെ ഇങ്ങനെ ദേഷ്യപ്പെടുന്നത്? നമ്മുടെ രാജകുമാരി അല്ലേ അവൾ?"

ഗോപികൃഷ്ണൻ എട്ടത്തിയെ നോക്കി ചിരിയോടെ ചോദിച്ചു.

"അതെ മുല്ലശ്ശേരിയിലെ ഏക പെൺ തരി!! നമ്മുടെയെല്ലാം രാജകുമാരി.. അവളുടെ കുസൃതി നിറഞ്ഞ സംസാരവും ചിരിയും ബഹളവും ഇല്ലെങ്കിൽ, ഈ വീട് ഒരു ശംശാന മൂകത പരത്തും."

രവി കൃഷ്ണനും ഏട്ടനെ പിന്താങ്ങി കൊണ്ട് പറഞ്ഞു.

"എല്ലാവരും കൂടി തലേ കയറ്റി വെച്ചിട്ടാണ്  പെണ്ണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്!! നിങ്ങളുടെ ഭാര്യമാരു തന്നെ അത്യാവശ്യം മോളി കയറ്റുന്നുണ്ട്. ഇനി നിങ്ങൾ കൂടി ആ പാത പിന്തുടർന്നൊ വന്ന് വന്ന് ആരെയും പേടിയില്ലാതെ ആയിരിക്കുന്നൂ അവൾക്ക്. ആകെ ഈ വീട്ടിൽ പേടിയുള്ളത് ദേവനെ മാത്രമാണ്. അതുകൂടി ഇല്ലായിരുന്നെങ്കിൽ,എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ.."

പറഞ്ഞു കൊണ്ട് സുനന്ദ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി. ഏട്ടത്തിയുടെ പിന്നാലെ അനിയത്തിമാരും.

ദേവനെ കാത്തിരുന്നതുകൊണ്ട് ആരും ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു. ടേബിളിൽ ആഹാരമെല്ലാം എടുത്തു വച്ചു അവർ. ആണുങ്ങൾ എല്ലാവരും അമ്മയും കഴിക്കാൻ ഇരുന്നു.

"ദേവൂട്ടിക്ക് വേണോ എന്തോ.."

പറഞ്ഞുകൊണ്ട് പാർവതി ദേവൂട്ടിയെ വിളിക്കാനായി പോയി.

"എനിക്ക് വേണ്ട പാറു അമ്മേ.. കുറച്ചു നേരത്തെ അല്ലേ കഴിച്ചത് ഇനി വേണ്ട ഉറക്കം വരുന്നു.."

പറഞ്ഞുകൊണ്ട് പുതപ്പ് തലവഴി ഇട്ടു കിടന്നു അവൾ.

"എന്നാൽ പാറുമ്മ ഒരു ഗ്ലാസ് പാൽ എടുത്തിട്ട് വരാം.. ഒരു നേന്ത്രപ്പഴവും.. പൊന്നു മോളല്ലേ..?"

പാർവതി കുറെ പറഞ്ഞെങ്കിലും ദേവൂട്ടി എഴുന്നേറ്റില്ല. "കിടക്കുകയേ വേണ്ടൂ പെണ്ണിന് ഉറങ്ങാൻ.."

പിറുപിറുത്തുകൊണ്ട് പാർവതി മുറിവിട്ട് ഇറങ്ങിപ്പോയി.

ഈ സമയം തൻ്റെ റൂമിൽ യാമിക്ക് മെസ്സേജ് അയച്ചു കാത്തിരിക്കുകയായിരുന്നു ദേവൻ. ഒത്തിരി യാത്രയുണ്ട് അതുകൊണ്ടുതന്നെ 12 മണി കഴിയും എത്താൻ എന്ന് മെസ്സേജ് ഇട്ടിരുന്നു യാമി. അതിനുശേഷം ഒരു മെസ്സേജും ഇല്ല. ആ സ്വരം ഒന്നു കേൾക്കാൻ അതിയായി ആഗ്രഹിച്ചു ദേവൻ. കുറെ സമയം ഫോണിൽ നോക്കിയിരുന്നു ഉറങ്ങിപ്പോയി ദേവൻ. രാവിലെ ഉണർന്ന് നോക്കിയപ്പോഴാണ് യാമിയുടെ മെസ്സേജ് കിടക്കുന്നത് കണ്ടത്. 12 മണി കഴിഞ്ഞു എത്താൻ എന്നും. ഉച്ചയ്ക്ക് ലൈബ്രറിയിൽ പോകുമ്പോൾ വിളിക്കാം എന്നുമായിരുന്നു മെസ്സേജ്. അവിടേക്ക് വിളിക്കരുത് എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട്, ആ സാഹസത്തിന് മുതിർന്നില്ല ദേവൻ. കുളി കഴിഞ്ഞ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി അവൻ. പതിവില്ലാത്ത സന്തോഷം എല്ലാവരുടെയും മുഖത്ത് കണ്ടു.

കഴിക്കാൻ അവനെ കാത്തിരിക്കുകയാണ് എല്ലാവരും.

അച്ഛമ്മയാണ് സംസാരത്തിന് തുടക്കമിട്ടത്.

"മോനേ അമ്മായി മറ്റന്നാൾ എത്തും. ബുധനാഴ്ച. ഞായറാഴ്ച ഇവിടെ വെച്ചാണ് വരദ മോളുടെ പെണ്ണുകാണൽ ഔദ്യോഗികമായി നടത്തുന്നത്. ഇന്ന് രാവിലെ തന്നെ അവർ വിളിച്ചു പറഞ്ഞു ഞായറാഴ്ച ഇവിടേക്ക് വരാമെന്ന്."

വെറുതെയല്ല എല്ലാവരുടെയും മുഖത്ത് സന്തോഷം എന്ന് മനസ്സിലായി അവന്.

"അത് ശരി എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി.. എല്ലാം ഭംഗിയായി നടക്കണം ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. ഇനി വിളിക്കുമ്പോൾ എത്രയാൾ വരും എന്ന് ചോദിക്കണം. ഫുഡ് കരുതണമല്ലോ?"

ദേവൻ ഗൗരവത്തോടെ പറഞ്ഞു.

"ഈ ശുഷ്കാന്തി സ്വന്തം കാര്യത്തിൽ ഉണ്ടായാൽ എത്ര നന്ന്.."

അറിയാതെയാണെങ്കിലും പെട്ടെന്ന് വീണു പോയി ദേവൂട്ടിയുടെ നാക്കിൽ നിന്നും.

"നിൻ്റെ പല്ല് ഞാൻ അടിച്ചു താഴെ താഴെ ഇടണ്ട എങ്കിൽ, പെട്ടെന്ന് കഴിച്ച് എഴുന്നേറ്റു പോ."

ദേവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ,ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു ദേവൂട്ടി.

"നീ അവളെ കടിച്ചുകീറുകയൊന്നും വേണ്ട.!! കുട്ടി പറഞ്ഞതിലും ഉണ്ട് കാര്യം. നിൻ്റെ കല്യാണം നടന്നു കാണാൻ ഇവിടെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ദേവൂട്ടി അടക്കം."

അച്ഛമ്മ മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ, എപ്പോഴത്തേതും പോലെ ദേഷ്യപ്പെടാൻ തോന്നിയില്ല ദേവന്.. കാരണം അവൻ്റെ മനസ്സിൽ യാമികയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞിരുന്നു അപ്പോഴേക്കും.

"അച്ഛമ്മ വിഷമിക്കാതെ.. ഇപ്പോൾ നമ്മുടെ വരദയുടെ കല്യാണം നടക്കട്ടെ!! അത് കഴിഞ്ഞ് എല്ലാവരോടും എനിക്കൊരു ഗുഡ് ന്യൂസ് പറയാനുണ്ട്. അതുവരെ എല്ലാവരും ഒന്ന് ക്ഷമിക്ക്."

നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി എല്ലാവർക്കും നേരെ കൊടുത്തുകൊണ്ട് ദേവൻ തൻ്റെ പ്ലേറ്റിൽ ഇഡ്‌ലി എടുത്തു വെച്ചു.

"ഇപ്പോ എനിക്ക് ഉറപ്പായി....എൻ്റെ ഏട്ടന്റെ മനസ്സിലും ആരോ ഉണ്ട്.. ഒന്ന് പറ ഏട്ടാ ആരാണ് എന്ന്.."

അത്ഭുതം കൊണ്ടു വിടർന്ന മിഴികളോടെ, ദേവൂട്ടി ദേവനെ നോക്കി കൊണ്ട് ചോദിച്ചു.

"ഒന്ന് താഴ്ന്നു തന്നപ്പോൾ തലയിൽ കയറാൻ നോക്കുന്നോ?"

ദേവൻ അവളെ കടുപ്പിച്ച് ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി ദേവൂട്ടി.

"മനസ്സിൽ തന്നെ വെച്ചോ ഞാൻ കണ്ടുപിടിച്ചോളാം.. വേതാളത്തെ ഒന്ന് കയ്യിൽ കിട്ടട്ടെ.."

ദേഷ്യം കൊണ്ട് ചാടി തുള്ളി പോകുമ്പോൾ, പറഞ്ഞു അവൾ.

കഴിച്ച് കഴിഞ്ഞ് എല്ലാവരും ഓഫീസിലേക്ക് പോയി. ഉച്ചയ്ക്ക് യാമി വിളിക്കാമെന്ന് പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ദേവൻ. ഗോപു ഇടയ്ക്ക് അവനെ കളിയാക്കുന്നുണ്ട്. ദേഷ്യപ്പെടുന്ന ദേവൻ ചിരിച്ചുകൊണ്ട് അവൻ പറയുന്നതെല്ലാം കേട്ടിരുന്നു.

"അല്ല ഓഫീസിൽ ഇരുന്ന് വിളിക്കാൻ പ്രൈവസി ഉണ്ടാകില്ല.. അപ്പോൾ നിനക്ക് പുറത്തു പോകേണ്ടിവരും അല്ലേ?"

കുസൃതിയോടെ ചോദിച്ചു ഗോപു.

"എൻ്റെ  ചങ്ക് ബ്രോ നീ ഇവിടെ ഇല്ലേ? ഞാനൊന്നു പുറത്തേക്കു പോയിട്ട് വരാം. തൽക്കാലം നീയൊന്ന് ഹാൻഡിൽ ചെയ്യൂ."

പറഞ്ഞുകൊണ്ട് കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ദേവൻ.

(തുടരും)